ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
പഴയകാലത്ത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശം വിവിധ ജന്മിമാരുടെ ആധിപത്യത്തിലായിരുന്നു. അടിവാരം, ചിപ്പിലിത്തോട്, ചുരം, കൈതപ്പൊയില്‍ എന്നീ പ്രദേശങ്ങള്‍ കൊയപ്പത്തൊടിയുടെ കൈവശവും, മണല്‍വയല്‍, വള്ളിയാട്, മൂപ്പന്‍കുഴി എന്നീ പ്രദേശങ്ങള്‍ മുരുക്കന്റെ കൈവശവുമായിരുന്നു. ഈങ്ങാപ്പുഴ, കാക്കവയല്‍, മൈലള്ളാംപാറ എന്നീ പ്രദേശങ്ങള്‍ എം.സി.പോത്തന്റെയും എം.സി.ചാണ്ടിയുടെയും കൈവശത്തിലും, മലപ്പുറം ഭാഗം ആര്‍.മരയ്ക്കാര്‍ ഹാജിയുടെ കൈവശത്തിലുമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഘോരവനങ്ങളിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചെടുക്കുകയായിരുന്നു അക്കാലത്ത് പലരുടെയും ലക്ഷ്യം. റോഡു മാര്‍ഗ്ഗവും പുഴകളിലൂടെ ചങ്ങാടമുപയോഗിച്ചും കടത്തിക്കൊണ്ടുപോയിരുന്ന ഈ മലയോരത്തെ മരത്തടികള്‍, അക്കാലത്ത് 'കല്ലായി' എന്ന ലോകപ്രസിദ്ധ മരക്കച്ചവടകേന്ദ്രത്തെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
തുടർന്ന് കുടിയേറ്റക്കാർ വനഭൂമി വെട്ടിത്തെളിച്ച് നെല്ലും കപ്പയും കൃഷി ചെയ്യാനാരംഭിച്ചു. വെട്ടിത്തെളിച്ച ഭൂമികളില്‍ ജന്മിമാര്‍ റബ്ബറും മറ്റു കൃഷികളുമിറക്കി തങ്ങളുടെ ആധിപത്യമുറപ്പിച്ചു. ജോലിയ്ക്കുവേണ്ടി മലപ്പുറം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് കൊണ്ടു വന്ന തൊഴിലാളികളാകട്ടെ, കടുത്ത ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായി. വയനാട് റോഡിന്റെ ഇടതുഭാഗത്ത് നിറഞ്ഞുനിന്ന തോട്ടംമേഖലകളിലെ തൊഴിലാളികളുടെ ജീവിതദുരിതങ്ങൾക്കു പരിഹാരമുണ്ടാവുന്നത് 1958-ൽ എ.ഐ.ടി.യു.സി.യുടെ (AITUC) നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിതരായ ശേഷമാണ്. 1958 മുതല്‍ ഒരു വ്യാഴവട്ടക്കാലം ഈ മേഖലയില്‍ തൊഴിലാളികളും ഉടമകളും തമ്മില്‍ നടന്ന പോരാട്ടങ്ങള്‍ ഈ മലയോരത്തിന്റെ ചരിത്രമായി മാറി. പിന്നീട് കാര്‍ഷികപരിഷ്കരണ നിയമത്തെ തുടര്‍ന്ന് മിച്ചഭൂമിയായി അവശേഷിച്ചതും സർക്കാർ ഏറ്റെടുത്തതുമായ ഭൂമി വിതരണം ചെയ്തതോടെ പഞ്ചായത്തിലെ ഭൂരിഭാഗം സാധാരണക്കാർക്കും ഭൂമി ലഭിച്ചു. എന്നാൽ ഈ ഘട്ടത്തിൽ ആദിമ നിവാസികളായ കാടിന്റെ മക്കൾ പറശ്ശേരി, കരിമ്പിലോട്, ഒറ്റക്കര, പയോണ എന്നിവിടങ്ങളിലേയ്ക്ക് ഒതുക്കപ്പെട്ടു.
താമരശ്ശേരി ചുരത്തിന്റെ ചരിത്രം: ടിപ്പുസുൽത്താൻ മലയിറങ്ങി വന്നതും, പഴശ്ശിരാജാവ് വയനാട്ടിലേക്ക് പോയിരുന്നതും താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന ഇവിടുത്തെ മലമ്പാതകളിലൂടെയായിരുന്നു. പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടുപോക്കാന്‍ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഇന്നത്തെ ചുരം റോഡ്. അതിനുമുമ്പ് തലച്ചുമടായും, പോത്തുകളുടെ പുറത്തു കയറ്റിയും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുപോകുന്ന നടപ്പാത മാത്രമായിരുന്നു ഇത്. ഈ വഴി കാണിച്ചു കൊടുത്ത ആദിവാസി യുവാവിനെ സായിപ്പ് വെടിവെച്ചു കൊന്നുവെന്ന ഐതിഹ്യവും, അദ്ദേഹത്തിന്റെ ആത്മാവിനെ ചങ്ങലയുപയോഗിച്ച് തളച്ചിട്ട ലക്കിടിയിലെ 'ചങ്ങലമരവും' ഈ ചരിത്രത്തിന്റെ ഭാഗമാണ്.
ബ്രിട്ടീഷുകാരുടെ ഇടത്താവളമായിരുന്ന പുതുപ്പാടിയിലെ ജനജീവിതത്തിലും അവർ നിയന്ത്രണങ്ങളുമായി ഇടപെട്ടിരുന്നു. പുതുപ്പാടി വില്ലേജോഫീസ് ഇന്നും പ്രവർത്തിക്കുന്നത് അക്കാലത്തെ കച്ചേരി കെട്ടിടത്തിലാണ്. ഇതിനു തൊട്ടടുത്ത ഒടുങ്ങാക്കാട് മഖാം ടിപ്പു സുൽത്താൻ പടയോട്ടം നടത്തിയതായി പറയപ്പെടുന്ന പുതുപ്പാടി ചുരത്തിലൂടെ വയനാട്ടിലേക്ക് വാഹന ഗതാഗതമാരംഭിച്ചതോടെയാണ് ഈ ഗ്രാമത്തിനു പുറംലോകത്തേക്ക് ബന്ധങ്ങൾ വ്യാപിക്കുന്നത്. തെക്കൻ-മധ്യ കേരളത്തിൽ നിന്നും കുടിയേറിയ കർഷകരുടെയും, തൊഴിലാളികളുടെയും, ആദിമനിവാസികളുടെയും സംയുക്തപരിശ്രമമാണ് പുതുപ്പാടിയുടെ വികസനസ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചത്. കേരളത്തിന്റെ റോഡ് ഭൂപടത്തിൽ വളരെ നിർണ്ണായകമായ സ്ഥാനമുള്ള കോഴിക്കോട് - മൈസൂർ - ബാംഗ്ളൂർ ദേശീയപാത ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തു കൂടിയാണ് കടന്നുപോകുന്നത്.
വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം
ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്തെ അമ്പലക്കണ്ടി, ചാലിയക്കടവ്, കുഞ്ഞുകുളം, കുറുമരുകണ്ടി, കാക്കവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന തെളിവുകളും, തകര്‍ക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും സൂചിപ്പിക്കുന്നത് ഉന്നതമായൊരു സംസ്ക്കാരത്തിന്റെ ഉടമകളായവർ ഇവിടെ ജീവിച്ചിരുന്നു എന്നാണ്. ദഫ്മുട്ട്, കോൽക്കളി, ഉടുക്കുപാട്ട് എന്നിവയൊക്കെ ഇന്നും ചിലയിടങ്ങളിൽ സജീവമാണ്. സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പ് വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമില്ലാതിരുന്ന ഇവിടെ 1949-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് കൈതപ്പൊയിലിൽ ആരംഭിച്ച എലിമെന്ററി സ്കൂളാണ് (ഇന്നത്തെ പുതുപ്പാടി ജി.എം.യു.പി. സ്കൂൾ) പ്രഥമ വിദ്യാലയം. 1950-ൽ കണ്ണോത്ത് കത്തോലിക്കാപള്ളിയുടെ കീഴിൽ സെന്റ് ആന്റണീസ് സ്കൂളും, 1951-ൽ ഈങ്ങാപ്പുഴയിൽ മണമേൽ എസ്റ്റേറ്റ് വകയായി എൻ.എ.എൽ.പി സ്കൂളും സ്ഥാപിതമായി. 1974-ൽ സ്ഥാപിതമായ പുതുപ്പാടി ഗവ. ഹൈസ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി 1976-ൽ പഞ്ചായത്തിലെ ആദ്യ ക്ലബ്ബായ 'ദീപ്തി ലൈബ്രറി' പ്രവർത്തനം ആരംഭിച്ചു. കായികരംഗത്ത് അന്തർദ്ദേശീയ-ദേശീയ നിലവാരത്തിലുള്ള നിരവധി പ്രതിഭകളെ സംഭാവന ചെയ്യുവാൻ പുതുപ്പാടിക്ക് കഴിഞ്ഞിട്ടുണ്ട്.
അർജുന അവാർഡ് ജേതാവ് (ഇന്ത്യൻ വോളിബോൾ താരം)
ഹാൻഡ് ബോൾ ഇന്ത്യൻ ടീം അംഗം
ദേശീയ മെഡൽ ജേതാവ് (ഹൈജമ്പ് & അത്ലറ്റിക്സ്)
ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാവ്
ക്രോസ് കൺട്രി നാഷണൽ താരം
ഖോ ഖോ നാഷണൽ താരം



